
ബംഗളുരു: ധാർവാഡ് മേഖലയെ നടുക്കം കൊള്ളിച്ച ദാരുണസംഭവമായിരുന്നു യോഗേഷ് ഗൗഡ എന്ന യുവനേതാവിന്റെ കൊലപാതകം. ധാർവാഡ് മേഖലയിലെ ജനങ്ങൾക്കിടയിൽ നിർണ്ണായക സ്വാധീനമുണ്ടായിരുന്ന ബിജെപി ജില്ല പഞ്ചായത്ത് അംഗം യോഗേഷ് ഗൗഡ ധാർവാഡിലെ സ്വന്തം ജിമ്മിന്റെ മുന്നിൽ വെച്ച് 2016 ജൂൺ 15 നാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. രാഷ്ട്രീയവിരോധമാണ് കൊലയ്ക്ക് പിന്നിലെന്ന് യോഗേഷ് ഗൗഡയുടെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചിരുന്നെങ്കിലും ലോക്കൽ പോലീസിന് പ്രതികളെ കണ്ടെത്താനായില്ല.കർണാടക ഗവണ്മെന്റിന്റെ ശുപാർശ പ്രകാരം 2019 ൽ കേസ് സിബി ഐയ്‌ക്ക് വിട്ടു. ധാർവാഡ് മണ്ഡലത്തിൽ നിന്നും മൂന്നുതവണ എം എൽ എ ആയിട്ടുള്ള മുൻമന്ത്രി വിനയ് കുൽക്കർണിയാണ് യോഗേഷ് ഗൗഡയെ കൊലപ്പെടുത്തിയതിന് പിന്നിലെ പ്രധാന സൂത്രധാരനെന്ന് സിബി ഐ തെളിവുകൾ സഹിതം കണ്ടെത്തി. 2020 ൽ സിബിഐ വിനയ് കുൽക്കർണിയെ അറസ്റ്റുചെയ്തു. 2021 ൽ സുപ്രീം കോടതി കുൽക്കർണിയ്‌ക്ക് ജാമ്യം അനുവദിച്ചെങ്കിലും സിബിഐ റിപ്പോർട്ടിനെ തുടർന്ന് സുപ്രീം കോടതി ജാമ്യം റദ്ദാക്കി.കേസിന്റെ വിചാരണ നടന്നുവരികയാണ്. കുൽക്കർണിയുടെ സഹായികളായ മറ്റുപ്രതികൾ ജാമ്യത്തിലുമാണ്. മേൽ സാഹചര്യത്തിലാണ് കുൽക്കർണി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. കേസ്സിന്റെ സാഹചര്യം മാറിയിട്ടുണ്ട്, മറ്റുപ്രതികൾ ജാമ്യത്തിലാണ് തുടങ്ങിയ വാദഗതികളാണ് കുൽക്കർണിയ്‌ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി വി നാഗേഷ് ഉന്നയിച്ചത്. കേസ് കേട്ട ജസ്റ്റിസ് സുനിൽ ദത്ത് യാദവ് , കേസ് പരിഗണിക്കുന്നത് നീതിന്യായ വ്യവസ്ഥയിൽ തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും സാഹചര്യം മാറിയിട്ടുണ്ടെങ്കിൽ പരാതിക്കാരന് വീണ്ടും സുപ്രീം കോടതിയെ സമീപിക്കാമെന്നും അഭിപ്രായപ്പെട്ടുകൊണ്ട് ഹരജി തള്ളുകയായിരുന്നു.
Photo Courtesy - Google











